ദിയു: ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് അയാളെന്നു കരുതുന്നവരാണ് ഏറെയും. എന്നാൽ, അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാർ രമേശ് മനഃസമാധാനം തേടി മനഃശാസ്ത്രവിദഗ്ധന്റെ സഹായം തേടിയിരിക്കുകയാണ്. ലണ്ടനിലേക്കു പറന്ന ബോയിംഗ് 787 വിമാനം പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ തകർന്നപ്പോൾ 40 കാരനായ വിശ്വാസ് കുമാർ മാത്രമാണ് അവിശ്വസനീയമാംവിധം ജീവിതം തിരികെപ്പിടിച്ചത്. വിശ്വാസിന്റെ സഹോദരൻ അജയ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് 241 പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു.
അപകടസമയത്തെ അനുഭവങ്ങളും സഹോദരന്റെ വേർപാടുമെല്ലാം ഇപ്പോഴും വിശ്വാസ്കുമാറിന്റെ മനസിൽ നോവായി ശേഷിക്കുകയാണെന്ന് ബന്ധു സണ്ണി പറയുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസിന്റെ ക്ഷേമം അന്വേഷിച്ച് ഉറ്റവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഒരാളോടുപോലും സംസാരിക്കാൻ ഇയാൾ കൂട്ടാക്കുന്നില്ല. സഹോദരന്റെ മരണവും അപകടത്തിന്റെ ആഘാതവുംമൂലമുള്ള മാനസികസമ്മർദം അത്രയേറെയാണ്. ഉറക്കത്തിനിടെ അർധരാത്രി ഞെട്ടിയുണരുന്നത് പതിവാണ്. പിന്നീട് ഉറങ്ങാനേ കഴിയാറില്ല.
രണ്ടുദിവസം മുന്പാണ് മനഃശാസ്ത്ര വിദഗ്ധന്റെ ഉപദേശം തേടിയത്. ചികിത്സയുടെ തുടക്കമായതിനാൽ ലണ്ടനിലേക്കു മടങ്ങുന്നതിനെക്കുറിച്ച് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും സണ്ണി പറഞ്ഞു.
കഴിഞ്ഞമാസം 12നുണ്ടായ അപകടത്തിനുശേഷം അഞ്ചാംദിവസം ആശുപത്രിവിട്ട വിശ്വാസ് കുമാർ അന്നുതന്നെയാണ് സഹോദരന്റെ ഭൗതികദേഹം ഏറ്റുവാങ്ങിയത്.